Sunday, September 22, 2024

Malayalam II

 പ്രയത്നിച്ചാൽ പ്രതീക്ഷിക്കാം പ്രതിഫലം നിശ്ചയം 

പ്രായം അതിനൊരു പ്രതിബന്ധമേയല്ല സത്യം 

പ്രതിഭകൾ പ്രാരംഭത്തിൽ സാധാരണക്കാർതന്നെ 

പ്രാബല്യം നേടുന്നതോ പ്രയത്നത്താൽ മാത്രം.

    അസാധ്യം എന്ന പദം അന്യമാകട്ടെ അനുജന്മാരെ 

    സാധ്യമാണ് സർവ്വവും സംഘടിച്ചു ശക്തരായാൽ 

    സംഘടിക്കാൻ സാധ്യമാകാത്തവസ്ഥയെ അവഗണിക്കാം

    സമാരംഭിക്കം സംഘടനാ ശക്തിയെ സാവകാശം.

അസമത്വം ,  അനീതി ,  അക്രമം കൊടികുത്തി വാഴുന്നു 

വിശപ്പും വേദനയും രോഗവും നിത്യ യാഥാർഥ്യങ്ങൾ 

ആകപ്പാടെ അസന്തുഷ്ടമായ അന്തരീക്ഷം - ഇവ 

അകറ്റുവാൻ ആർക്കുമിവിടെ ആവില്ലെന്നോ!

    അനുജന്മാരെ അനുജത്തിമാരെ നിങ്ങൾക്കാവുമോ 

    ആവുമെങ്കിൽ അങ്കത്തിനൊരുങ്ങുക 

    അങ്കത്തിൽ ആധിപത്യം പുലർത്തണം 

    അജയ്യരായി അധികാരം പിടിച്ചെടുക്കാം.

അധികാരം അവശത അകറ്റുവാൻ 

അഭിമാനിതരായി ജീവിക്കാൻ - അല്ലാതെ 

അടിച്ചമർത്താനല്ല ആരെയും 

അടിമകളാക്കാനുമല്ല തീർച്ച.

                        - For the Kochuthura Manuscript, 'Yagjnam', 6.6.1986


സുന്ദര സഹ്യൻറെ ശ്രുംഗമൊന്നിൽ 

സദാ സർവ്വേശ സായൂജ്യമടയാൻ 

സദയം സംന്യാസം ശ്രമിക്കുന്നേൻ.

    ശാരീരികമാം ദുരാശകളേറെ 

    സദാ ശല്യപ്പെടുത്തുന്ന എന്നെ 

    സ്വാർത്ഥനായി തീർക്കുന്നു പിന്നെ.

സമചിത്തത സാരമില്ലാതായി 

സന്മാർഗം ഒട്ടുമില്ലാതായി 

സത്യത്തിന് പാതയും താറുമാറായി.

    ലോകർക്ക് നല്ലവനായി - അതിൽ 

    ലേശവും നേരില്ലാതായി 

    ലജ്ജയാൽ ഞാൻ വിവശനായി.

എത്രനാൾ ഇങ്ങനെ തുടരും 

എത്ര കണ്ണുകൾ വെട്ടിച്ചൊളിക്കും 

എൻ മനം ഏങ്ങലടിപ്പതേവം.

    ഒടുവിലായ് ഒന്നു ഞാനുറച്ചു 

    ഒരുപാട് ചിന്തയ്ക്ക് ശേഷം 

    ഓടിയൊളിക്കുവാൻ തന്നെ.

അങ്ങനെയന്ന് ഞാനെത്തി 

ആശ്രമ അന്തരീക്ഷം തന്നിൽ 

ആ ശ്രമവും അവതാളത്തിലായി.

    ഒളിച്ചോട്ടം ഒറ്റ മൂലിയല്ല 

    ഓടുക നടുവേ നാടിൻറെ കൂടെ 

    ഒന്നു ശ്രമിക്കാൻ ഒത്ത് ശ്രമിക്കാൻ. 

ദൈവം തുണച്ചാല തെരുവിലുമാകാം 

ദൈവീകതയെ പുൽകുവാനെങ്കിൽ 

തതുനുസാരം തെരുവിലിറങ്ങുന്നേൻ. 

                                - Kurishumala 14.10.1990


അടുത്തുള്ള അയൽക്കാരിൽ ദൈവത്തെ തിരയാതെ 

അകലങ്ങളിൽ അന്വേഷിപ്പതെന്തേ!

അകത്തുള്ള ആത്മാവിൽ അവിടുത്തെ അറിയാതെ 

ആകാശങ്ങളിൽ ആരായുവതെന്തേ!

    ആകാശത്തീശ്വരൻ എന്നറിയിപ്പവർ   

    അറിയാതെ നമ്മെ അകറ്റുന്നു 

    അയൽക്കാരിൽ വസിക്കുന്ന അവിടുത്തെ 

    ആവരണം ചെയ്യാൻ . ശ്രമിക്കുന്നു.

തന്നിൽ ഒതുങ്ങാത്ത തന്നെ ഒതുക്കുന്ന 

തത്വം മനുജൻ അറിയുന്നു 

എങ്കിലും വ്യക്തമല്ലാത്തതാം തത്വത്തെ 

സത്യമെന്നവർ സംബോധന ചെയ്യുന്നു.

    വ്യക്തമല്ലാത്തതാം തത്വത്തെ സത്യമായ് 

    വേദപണ്ഡിതന്മാർ ഓതിടുമ്പോൾ 

    വ്യർത്ഥമാം ജീവിതം നയിച്ചിടും വ്യക്തികൾ 

    അർത്ഥത്തിനായാവേശം അണഞ്ഞിടുന്നു.

അർഥങ്ങൾ അനര്ഥങ്ങളായിടും വേളയിൽ 

ആശയറ്റവർ അലയുന്നു 

ആശയില്ലാത്തവർക്കാശ്വാസം നൽകുവാൻ 

അവതരിപ്പിക്കുന്നു ഈശനെ വീണ്ടുമവർ.

    ഈശ്വര സാക്ഷാത്‍കാരത്തിനായെല്ലാരും 

    ഈ വഴി മാത്രമാണെന്ന് ചൊല്ലും 

    ഇടുങ്ങിയ ചിന്തയല്ലേ മതങ്ങൾ - അവ 

    ഇന്നും മനുഷ്യന് ഇടർച്ച വരുത്തുന്നു.

മതത്തിന്റെ മാറാലയ്ക്കുള്ളിലെ മർത്യൻ 

മരണ ഭീതിയാൽ മനം നൊന്തു കേഴുമ്പോൾ 

'മഹേശ്വരൻ '  മാനത്ത് മാലാഖമാരൊത്ത്

മാപ്പു ശാക്ഷിയായ് മതിമറന്നിരിക്കുന്നു.

    നാലുപേർ കൂടുമ്പോൾ നാടുവിലുദിക്കും - ദൈവത്തെ 

    നരപുത്രൻ യേശു നല്കിടുമ്പോൾ 

    നരനിനി നാഥനെത്തേടി നാടെങ്ങും 

    നടന്നലയണ്ടല്ലോ നന്മ രൂപാ.

                        - Kurishumala 15.10.1990

  


No comments:

Post a Comment

John Rose’ Birthday – 01.07.2024 and Selva Rani...

 John Rose’ Birthday – 01.07.2024 இனிய பிறந்தநாள் நல்வாழ்த்துக்கள் ,  ஜாண்றோஸ் ! இன்றுபோல் என்றும் மன நிறைவோடு , உடல்-உள்ள நலத்தோடு வாழ்க , ...